ഓപ്പറേഷൻ തൂഫാൻ

ലഹരിക്കെതിരെ കേരളം കൈകോർക്കുന്നു

ലഹരി വസ്തുക്കളുടെ ഉപയോഗവും അനധികൃത വിപണനവും സമൂഹത്തിൽ സൃഷ്ടിക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങൾക്കെതിരെ കേരള സർക്കാർ നടപ്പിലാക്കുന്ന സമഗ്രമായ ലഹരിവിരുദ്ധ പ്രവർത്തനമാണ് “ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്”. ലഹരി മാഫിയകളുടെ പ്രവർത്തനങ്ങൾ കണ്ടെത്തി തടയുന്നതിനും ലഹരി വസ്തുക്കളുടെ വിതരണ ശൃംഖലകൾ തകർക്കുന്നതിനും സമൂഹത്തിൽ ലഹരിവിരുദ്ധ ബോധം ശക്തിപ്പെടുത്തുന്നതിനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ


  • സംസ്ഥാനത്തെ ലഹരി വസ്തുക്കളുടെ വ്യാപനം തടയുക.
    ലഹരി വസ്തുക്കളുടെ ഉറവിടങ്ങളും വിതരണ ശൃംഖലകളും കണ്ടെത്തി നിയമനടപടി ശക്തമാക്കുക.

  • ലഹരി മാഫിയകൾക്കെതിരെ ശക്തമായ പരിശോധനയും നിയമനടപടികളും സ്വീകരിക്കുക.
    വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനും ലഹരിവിരുദ്ധ ബോധവൽക്കരണം ശക്തിപ്പെടുത്തുന്നതിനും നടപടി സ്വീകരിക്കുക.

  • ലഹരിക്ക് അടിമപ്പെട്ടവരെ ചികിത്സയിലൂടെയും പുനരധിവാസത്തിലൂടെയും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുക.

  • ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെയും കുടുംബങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കുക.
     

    മൂന്ന് പ്രധാന മേഖലകൾ

  • തൂഫാൻ സ്ട്രൈക്ക് – ലഹരി വസ്തുക്കളുടെ വിൽപ്പനയും വിതരണവും നടത്തുന്നവർക്കെതിരെ ശക്തമായ പരിശോധനകളും നിയമനടപടികളും.

  • തൂഫാൻ എഡ്യൂക്കേറ്റ് / തൂഫാൻ വാരിയേഴ്സ് – വിദ്യാർത്ഥികളിലും പൊതുജനങ്ങളിലും ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തുകയും ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുക.

  • തൂഫാൻ കെയർ – ലഹരി ഉപയോഗത്തിൽ അകപ്പെട്ടവരെ കണ്ടെത്തി ആവശ്യമായ ചികിത്സയും പിന്തുണയും നൽകി സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനുള്ള പ്രവർത്തനങ്ങൾ.

ജനപങ്കാളിത്തം അനിവാര്യം

ലഹരിക്കെതിരായ പോരാട്ടം സർക്കാർ സംവിധാനങ്ങളുടെയോ പോലീസിന്റെയോ മാത്രം ഉത്തരവാദിത്വമല്ല. കുടുംബം, വിദ്യാലയം, തദ്ദേശ സ്വയംഭരണ സ്ഥാപനം, യുവജനങ്ങൾ, സന്നദ്ധ സംഘടനകൾ, സാമൂഹിക-സാംസ്കാരിക സംഘടനകൾ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും കൂട്ടായ പ്രവർത്തനത്തിലൂടെയാണ് ലഹരിമുക്ത സമൂഹം സാധ്യമാകുന്നത്.

ഓപ്പറേഷൻ തൂഫാന്റെ രണ്ടാംഘട്ടത്തിൽ പദ്ധതി ഗ്രാമങ്ങളിലേക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തത്തോടെ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിനും ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് ജനപിന്തുണ ഉറപ്പാക്കുന്നതിനുമാണ് ഈ ഘട്ടത്തിൽ പ്രാധാന്യം നൽകുന്നത്.

അറക്കുളം ഗ്രാമ പഞ്ചായത്ത്

അറക്കുളം ഗ്രാമ പഞ്ചായത്ത് ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുന്നു. പഞ്ചായത്തിലെ യുവജനങ്ങൾ, വിദ്യാർത്ഥികൾ, കുടുംബങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ക്ലബ്ബുകൾ, സന്നദ്ധ സംഘടനകൾ, ജനപ്രതിനിധികൾ തുടങ്ങിയവരുടെ സജീവ പങ്കാളിത്തത്തോടെ ലഹരിക്കെതിരായ ബോധവൽക്കരണവും പ്രതിരോധ പ്രവർത്തനങ്ങളും ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

“ലഹരിയോട് നോ പറയാം – ആരോഗ്യകരമായ സമൂഹത്തിനായി കൈകോർക്കാം.”

ലഹരി ഉപയോഗം, വിൽപ്പന, വിതരണം തുടങ്ങിയവ സംബന്ധിച്ച് ശ്രദ്ധയിൽപ്പെടുന്ന വിവരങ്ങൾ ബന്ധപ്പെട്ട നിയമ നിർവഹണ ഏജൻസികളെ അറിയിച്ച് ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ ഓരോ പൗരനും പങ്കാളിയാകാം. ലഭിക്കുന്ന വിവരങ്ങളുടെ രഹസ്യത സംരക്ഷിക്കുന്ന സംവിധാനവും സർക്കാർ ഒരുക്കിയിട്ടുണ്ട്.

നമ്മുടെ ലക്ഷ്യം

  • ലഹരിമുക്ത അറക്കുളം – ലഹരിമുക്ത ഇടുക്കി – ലഹരിമുക്ത കേരളം
  • ലഹരിക്കെതിരെ ഒന്നിക്കാം.
  • നമ്മുടെ കുട്ടികളെയും യുവതലമുറയെയും സംരക്ഷിക്കാം.
  • ആരോഗ്യകരവും സുരക്ഷിതവുമായ ഒരു സമൂഹത്തിനായി കൈകോർക്കാം.